തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് ജനവിധി അംഗീകരിച്ചുകൊണ്ടും അതിനെ ആഴത്തില്‍ പരിശോധിച്ചുകൊണ്ടും ആവശ്യമായ തിരുത്തലുകള്‍ വരുത്തി സംസ്ഥാന സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് പറഞ്ഞ് രംഗത്ത്. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായതെന്ന് പറഞ്ഞ പിണറായി എല്‍ ഡി എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും കൂട്ടിച്ചേർത്തു. ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുള്ള ശ്രമവും സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കാനുള്ള നീക്കങ്ങളും ശക്തമാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ബി ജെ പി തൃശൂർ മണ്ഡലത്തിൽ നേടിയ വിജയത്തെ ഗൗരവമായി തന്നെ കാണുന്നുവെന്നും പ്രതികരിച്ചു.
വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതാണ് ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും മാതൃകയായ നമ്മുടെ നാട്ടില്‍ ബി ജെ പി ആദ്യമായി ലോക്സഭ മണ്ഡലത്തില്‍ വിജയിച്ചു എന്ന കാര്യമെന്ന് പറഞ്ഞ അദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണി മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച് മുന്നോട്ട് പോകുമെന്ന് പറയുകയുണ്ടായി. സർക്കാരിൻ്റെ ഭാഗത്ത് നിന്നും ജനങ്ങളെ ചേര്‍ത്തു നിര്‍ത്തി നാടിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായുള്ള നടപടികൾ ഉണ്ടാകുമെന്ന് പറഞ്ഞ പിണറായി വിജയൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ജനങ്ങള്‍ക്ക് നന്ദിയറിയിക്കുകയും ചെയ്തു.
