പൊതുവെയുള്ള തെറ്റിദ്ധാരണ പ്രമേഹരോഗികൾ പഴങ്ങള്‍ കഴിക്കാൻ പാടില്ലെന്നാണ്. ചിലർക്കാകട്ടെ, പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമെന്ന പേടിയാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് പേടി കൂടാതെ കഴിക്കാൻ സാധിക്കുന്ന പഴങ്ങളുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞവയാണ് അവ. അത്തരത്തിലുള്ള ചില പഴങ്ങളെ പരിചയപ്പെടാം. ബെറി പഴങ്ങൾ ആണ് അവയിൽ ഒന്നാം സ്ഥാനത്ത്. ഗ്ലൈസെമിക് സൂചിക വളരെ കുറവാണ് സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങൾക്ക്. ഫൈബറും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമെന്ന ഭയം വേണ്ട. ആന്റിഓക്സിഡന്റുകളും ഫൈബറും വിറ്റാമിനുകളും ധാരാളം അടങ്ങിയ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രമേഹ രോഗികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഷുഗര്‍ കുറവും ഫൈബര്‍ കൂടുതലുമുള്ള പ്ലം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഗ്ലൈസെമിക് സൂചിക 40 ആയ ആപ്പിളിൽ ധാരാളം ഫൈബറും അടങ്ങിയിരിക്കുന്നു. പഞ്ചസാര കുറവുള്ള ആപ്രിക്കോട്ട് കഴിക്കുന്നതും, കലോറി താരതമ്യേന കുറവായ, ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള, പീച്ച് കഴിക്കുന്നതും, വെള്ളം ധാരാളമായി അടങ്ങിയിട്ടുള്ള തണ്ണിമത്തൻ കഴിക്കുന്നതും, ഫൈബറും വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ കിവി കഴിക്കുന്നതും പ്രമേഹ രോഗികൾക്ക് ഏറെ ഗുണം ചെയ്യും.
