കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പലയിടത്തായി കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയതായി ഫയര്‍ ഫോഴ്സ് . ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് നിരവധിപേരെ രക്ഷിച്ചത്. മൃതദേഹങ്ങളെല്ലാം തന്നെ താഴെയെത്തിച്ചു. ശേഷം മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. അതെ സമയം മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും.
കേരളത്തെ നടുക്കിയ വൻ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. രാത്രി 2.45 ഓടെ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലായിരുന്നു ദുരിതം വിതച്ചത്. കുത്തിയൊലിച്ചു വന്ന വെള്ളം ചൂരൽമല ടൗണിനെ മുഴുവൻ തകർത്തു . ഇതുവരെ റിപ്പോർട്ട് പ്രകാരം ദുരന്തത്തിൽ 125 പേര് മരിച്ചു. 100 ഓളം പേരെ കാണാതായി. 130 പേരെ ആശുപത്രികളിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്ന് രാവിലെയോടെയാണ് പുറംലോകം അറിഞ്ഞത്. എന്നാൽ ദുരന്തത്തിൻ്റെ പൂര്‍ണ ചിത്രം വ്യക്തമായിട്ടില്ല.
എന്നാൽ ഇപ്പോഴും പല ഭാഗത്തായി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും അടക്കം നൂറോളം പേര് പ്രദേശത്തെ ഒരു മുസ്ലിം പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയെന്നാണ് വിവരം.നാളെ ദുരന്തഭൂമിയിൽ വിശദമായ തെരച്ചിൽ നടത്തും. കേന്ദ്ര-സംസ്ഥാന ഏജൻസികൾ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും.
English Summary : Fire force rescued those trapped in Mundakai, Wayanad
