പ്രശസ്ത സംവിധായകൻ വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ടിലൂടെയാണ് മലയാളികളുടെ ‘ഹൃദയസ്പന്ദനം’ ഹണി റോസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അഭ്ര പാളികളിൽ ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന ഹണി റോസ് തൻ്റെ ഏറ്റവും പുതിയ ചിത്രമായ റേച്ചലിൻ്റെ തിരക്കിലാണ്. സിനിമയിലെ ഷൂട്ടിങ് തിരക്കുകൾക്ക് ശേഷം ഉദ്ഘാടന ചടങ്ങുകളിലാണ് താരം സജീവമാകുന്നത്.ഹണി റോസിന്റെ എല്ലാ ഉദ്ഘാടന ചടങ്ങുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനൊപ്പം ഹണിയുടെ വസ്ത്രശേഖരമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

ഹണിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നതിനൊപ്പം സൈബർ ആക്രമണങ്ങളും രൂക്ഷമാണ്. ഇതിനെതിരെ ഹണി തന്നെ പലതവണ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് ഹണി .
ആരാധകരോട് ഹണി മനസുതുറക്കുന്നു…
ഫാഷനിൽ തിളങ്ങി നിൽക്കുന്നതിന്റെ രഹസ്യമെന്താണ്?

ഔട്ട്ഫിറ്റ്സ് എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. ഒരു ഡിസൈനർ തന്നിലുണ്ട് . പക്ഷേ ഞാൻ ഒട്ടും ബ്രാൻഡ് കോൺഷ്യസ് അല്ല. ഉദ്ഘാടനപരിപാടികൾ നിരവധി ചെയ്യുന്നതുകൊണ്ട് ചെലവ് കുറഞ്ഞ എന്നാൽ കാണാൻ ഭംഗിയുള്ള ഔട്ട്ഫിറ്റ്സ് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കുറെയൊക്കെ ഞാൻ റഫറൻസ് എടുക്കും. ചിലപ്പോൾ കോസ്റ്റ്യൂം കർട്ടസി ചെയ്യാറുണ്ട്.
പലപ്പോഴും വർണാഭമായ ഔട്ട്ഫിറ്റുകളിലാണ് ഹണിയെ കാണാറുള്ളത്.എന്താണ് രഹസ്യം?
തുടർച്ചയായി പ്രോഗ്രാമുകൾ വരുമ്പോൾ വ്യത്യസ്തമായ ലുക്ക് ആവശ്യമാണല്ലോ.അതുപോലെ സിനിമയിൽ പലപ്പോഴും വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ പരിമിതികളുണ്ട്. കഥാപാത്രത്തിന് യോജിക്കണമല്ലോ. ഇവിടെ അതില്ല. എന്തൊക്കെ വേഷം കെട്ടണോ, അതൊക്കെ ചെയ്യാന് സാധ്യതകളുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്തുന്നു എന്നു മാത്രം.

ഹണിയുടെ സൗന്ദര്യ രഹസ്യം എന്താണ്? തിരിക്കിനിടയിലുള്ള ചർമസംരക്ഷണം എങ്ങനെ ?
വളരെ സെൻസിറ്റീവായ സ്കിന്നായതുകൊണ്ട് തന്നെ നാച്ചുറലായിട്ടുള്ള പ്രോഡക്റ്റുകളാണ് ഉപയോഗിക്കുന്നത്. മേക്കപ്പ് ചെയ്യാൻ എനിക്കു ഭയങ്കര ഇഷ്ടമാണ്. അതും സ്വന്തമായി ചെയ്താലേ തൃപ്തി വരികയുള്ളൂ..
വൈറലാകുന്ന ട്രെൻഡിങ് തലമുടിയുടെ സംരക്ഷണം എങ്ങനെയാണ്?

‘റേച്ചൽ ‘എന്ന എന്റെ പുതിയ സിനിമയിൽ കഥാപാത്രത്തിന് കറുത്ത മുടിയായിരുന്നു. ഷൂട്ട് കഴിഞ്ഞിട്ട് എന്തെങ്കിലും മാറ്റം വേണമെന്നു കരുതിയാണ് കളർ ചേഞ്ച് ചെയ്തത്. ഓറഞ്ച് നിറമാണ് അടിച്ചത്. പക്ഷേ അതിന് കേരളത്തിന് പുറമെ തെലുങ്കിൽ നിന്നുവരെ ട്രോൾ വന്നു. നിരുപദ്രവകരമായ ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട്. അൽപം ചുരുണ്ട മുടിയാണ് എന്റേത്. ചിലപ്പോഴൊക്കെ സ്ട്രെയ്റ്റ് ചെയ്യും. ഹെയർ തനിയെ സ്റ്റൈലിങ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ ഹെയർ സ്പെഷ്യലിസ്റ്റ് ഒപ്പമുണ്ടാകും.
ഹണിക്കെതിരെയുള്ള ബോഡി ഷെയ്മിങ് കമന്റുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. അതിനെക്കുറിച്ചെന്താണ് പറയാനുള്ളത്?

സമൂഹ മാധ്യമങ്ങളിലെ കമന്റ്സൊക്കെ ശ്രദ്ധിക്കാറുണ്ട്. അവർ അവരുടെ ജോലി ചെയ്യട്ടെ. ഞാൻ എന്റെ ജോലിയായിട്ട് മുന്നോട്ടുപോകും. ‘ബോഡി ഷെയ്മിങ്’ എനിക്കെതിരെ എന്നല്ല ആർക്കെതിരെയായാലും വളരെ മോശമായിട്ടുള്ള കാര്യമാണ്. ബോഡി ഷെയ്മിംഗ് ഒരു കൊലപാതകത്തിന് തുല്യമാണ് .കൊലപാതകം ചെയ്യുകയും ഒരാളെ അധിക്ഷേപിക്കുകയും ചെയ്യുന്നത് വളരെ മോശമായ കാര്യമാണ്. ഈ വിഷയവും ഇതേ വിഭാഗത്തിൽ പെട്ടതാണ്. കഴിയുമെങ്കിൽ ഒഴിവാക്കുക. അത് വീണ്ടും ചെയ്താലും എനിക്ക് പ്രശ്നമില്ല.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
ഹണി ഈ ചെറുപ്പം നിലനിർത്തുന്നതിന്റെ രഹസ്യമെന്താണ്?

തിരിഞ്ഞുനോക്കുമ്പോൾ എനിക്കുതന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് . സിനിമയിലെത്തിയിട്ട് 19 വർഷം കഴിഞ്ഞു! ചെറുപ്പമായി നിലനിൽക്കാൻ ഫോർമുലയൊന്നും ഇല്ല. അങ്ങനെയൊന്നുണ്ടെങ്കിൽ നമ്മൾ എവിടെ എത്തിയേനെ.. ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ശരീരമാണ് ഉപകരണം . അത് സംരക്ഷിക്കാനുള്ള പൊടിക്കൈകൾ ചെയ്യാറുണ്ട്. ന്യൂട്രിഷൻ അടങ്ങിയ ഭക്ഷണം കഴിക്കുക. ശാരീരിക ആരോഗ്യം പോലെത്തന്നെ മാനസിക ആരോഗ്യവും പ്രധാനമാണ്. അതുകൊണ്ട് തന്നെ സന്തോഷമായി പോസിറ്റീവായി ഇരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഹണി പറയുന്നു .

ഫിറ്റ്നസ് നോക്കാറുണ്ടെങ്കിലും ഞാൻ ഭക്ഷണം വളരെ ആസ്വദിച്ചുകഴിക്കുന്ന ഒരാളാണ്. കുക്ക് ചെയ്യാനും ഇഷ്ടമാണ്. മധുരത്തിന് അഡിക്റ്റാണെന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ ഇപ്പോൾ വണ്ണം കൂടിയിട്ടുണ്ട്. ഇനി അത് കുറയ്ക്കണം. വർക്കൗട്ടും കാര്യങ്ങളും ഇപ്പോൾ തുടങ്ങിയിട്ടുണ്ട്.
റേച്ചൽ’ എന്ന ചിത്രത്തിൽ ഇറച്ചിവെട്ടുകാരിയായാണ് ഹണിയെത്തുന്നത് . അത്യാവശ്യം കായികാധ്വാനമുള്ള വേഷമാണ്. അതിനുവേണ്ടി തയാറെടുപ്പുകൾ ഉണ്ടായിരുന്നോ?

ചിത്രത്തിൽ ഇറച്ചി വെട്ടുകാരിയാണ് റേച്ചൽ. പെട്ടെന്ന് ഒരുദിവസം ഷൂട്ട് സ്റ്റാർട്ട് ചെയ്യുകയല്ല ചെയ്തത്. ഇറച്ചിക്കടയിൽ പോയി പഠിച്ച് പ്രാക്ടീസ് ചെയ്താണ് റോൾ ചെയ്തത്. അതുകൊണ്ട് എളുപ്പമായിരുന്നു. ഇനി പടം ഒന്നുമില്ലെങ്കിലും ഇറച്ചി വെട്ടി ജീവിക്കാമെന്ന് തമാശയ്ക്ക് പറയാറുണ്ട്. ഇറച്ചിവെട്ടിനപ്പുറത്തേക്ക് എന്റെ ലൈഫിൽ ഞാൻ ചെയ്തിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത കുറേ കാര്യങ്ങൾ ആ സിനിമയിലുണ്ട്. ഹണി കൂട്ടിച്ചേർത്തു .

‘റേച്ചലിൻ്റെ’ ടീസർ അടുത്തിടെയാണ് പുറത്തിറങ്ങി യത് ‘കത്തിമുനയുള്ള ഒരു സ്ത്രീയുടെ കഥ’യെന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. നവാഗതയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്, സംവിധായകൻ എബ്രിഡ് ഷൈൻ നിർമ്മാണ പങ്കാളിയാണ്. അക്രമവും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായ അനുഭവമാണ് ടീസർ നൽകുന്നത്. രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
image courtesy : instagram