ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രിപദമൊഴിഞ്ഞ സാഹചര്യത്തിൽ ബംഗ്ലാദേശിൽ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വ്യാഴാഴ്ച അധികാരമേൽക്കും. യൂനുസ് നയിക്കുന്ന മന്ത്രിസഭയിൽ 15 അംഗങ്ങൾ ഉണ്ടാകുമെന്ന് സൈനിക മേധാവി ജനറൽ വാഖർ ഉസ് സമാൻ അറിയിച്ചു.രാത്രി എട്ടിനായിരിക്കും സത്യപ്രതിജ്ഞയെന്ന് സൈനിക മേധാവി ജനറൽ വാഖിറുസ്സമാൻ പറഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് ഇടക്കാല സർക്കാർ ചുമതലയേൽക്കുന്നത്.
പ്രസിഡന്റ് മുഹമ്മദ് ഷഹബുദീൻ ആണ് മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ മേധാവിയായി പ്രഖ്യാപിച്ചത്. സംവരണവിരുദ്ധ പ്രതിഷേധം ശക്തമായതോടെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് അഭയം തേടിയ സാഹചര്യത്തിലാണ് ഇടക്കാല സർക്കാർ അധികാരത്തിലെത്തുന്നത്.
അതെ സമയം ,രണ്ടാം വിജയദിനം സാധ്യമാക്കിയ ധീര വിദ്യാർഥികളെ അഭിനന്ദിക്കുന്നതായി മുഹമ്മദ് യൂനുസ് പാരിസിൽനിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. സമരത്തിന് പൂർണ പിന്തുണ നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നു. വിജയത്തിന്റെ ശോഭ കെടുത്തുന്ന തെറ്റുകൾ സംഭവിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു .ഒപ്പം സമാധാനം പാലിക്കാനും അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്തു.
സർക്കാറിലുള്ള വിശ്വാസം വീണ്ടെടുക്കുകയെന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഇടക്കാല സർക്കാറിന്റെ കാലാവധിക്കുശേഷം അധികാരത്തിൽ തുടരാനോ ആഗ്രഹിക്കുന്നില്ല. പുതിയ തെരഞ്ഞെടുപ്പിനും നേതൃത്വത്തിനുമുള്ള കർമപദ്ധതി തയാറാക്കണമെന്നും യൂനുസ് കൂട്ടിച്ചേർത്തു.
English Summary : Muhammad Yunus will take power over the interim government in Bangladesh.
