ധാക്ക: ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് പ്രസിഡന്റ് ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നിനുള്ളിൽ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് പ്രക്ഷോഭകര്‍ അന്ത്യശാസനം നല്‍കിയിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകുമെന്ന് പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്ന വിദ്യാര്‍ഥികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇടക്കാല ഭരണം രൂപീകരിക്കുന്നതിന് വഴിയൊരുക്കുന്നതിനായി രാജ്യത്തിൻ്റെ പാർലമെൻ്റ് പിരിച്ചുവിടുന്നതായി പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ പ്രഖ്യാപിച്ചു . ധാക്ക ട്രിബ്യൂൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത് .
മൂന്ന് സായുധ സേനാ മേധാവികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വിവേചനത്തിനെതിരായ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ നേതാക്കൾ എന്നിവരുമായി പ്രസിഡൻ്റ് ഷഹാബുദ്ദീൻ നടത്തിയ യോഗത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ദേശീയ പാർലമെൻ്റ് പിരിച്ചുവിട്ടു എന്ന് പ്രസിഡൻ്റിൻ്റെ ഓഫീസ് വ്യക്തമാക്കി.

പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി. കലാപം തുടരുന്ന പശ്ചാത്തലത്തില്‍ സൈനിക മേധാവി വിദ്യാര്‍ഥി പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തും. സൈന്യം നിയന്ത്രിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നവരുടെ നിലപാട്. നൊബേല്‍ സമ്മാനജേതാവ് ഡോ. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് വിദ്യാര്‍ഥി നേതാക്കളുടെ ആവശ്യം.
അതെ സമയം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്സൺ ഖാലിദ സിയ ജയിൽ മോചിതയായതായും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലും വിവിധ കേസുകളിലും ജൂലായ് 1 മുതൽ ഓഗസ്റ്റ് 5 വരെ തടവിലാക്കപ്പെട്ടവരെ വിട്ടയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും നിരവധി പേരെ ഇതിനകം മോചിപ്പിച്ചതായും പ്രസ്താവനയിൽ പറയുന്നു. നേരത്തെ ബിഎൻപി ചെയർപേഴ്സണും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെയും വിട്ടയച്ചിരുന്നു.ഷഹാബുദ്ദീൻ്റെ നേതൃത്വത്തിലുള്ള യോഗം ബീഗം ഖാലിദ സിയയെ ഉടൻ മോചിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതായി പ്രസിഡൻ്റിൻ്റെ പത്രസംഘം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.അറസ്റ്റിലായ എല്ലാവരെയും മോചിപ്പിക്കാനും യോഗം തീരുമാനിച്ചു .
രാജ്യത്തെ ആഭ്യന്തര കലാപങ്ങൾ രൂക്ഷമായപ്പോൾ ആഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീന,തൻ്റെ രാജി സമർപ്പിച്ചു. സർക്കാർ ജോലികൾക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമായും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സർക്കാർ വിരുദ്ധ പ്രതിഷേധത്തിൻ്റെ രൂപമെടുത്തു. തിങ്കളാഴ്ച വൈകുന്നേരമാണ് ഹസീന ഇന്ത്യയിലെത്തിയത്, ഡൽഹിയിൽ തങ്ങുമോ അതോ മറ്റൊരു സ്ഥലത്തേക്ക് മാറുമോ എന്ന് വ്യക്തമല്ല.
English Summary : Internal conflict: The Parliament of Bangladesh dissolved
