കൽപ്പറ്റ: വയനാടിന്റെ ഹൃദയം തകർത്ത് മറ്റൊരു ഉരുൾപൊട്ടൽ കൂടി. അർധരാത്രികഴിഞ്ഞാണ് പ്രകൃതി നടത്തിയ സംഹാര താണ്ഡവം പുറം ലോകമറിഞ്ഞത്. മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹങ്ങൾ പലതും ഒഴുകിയെത്തിയ നിലയിൽ ചാലിയാർ നദിയിൽ കണ്ടെത്തിയത്.പുത്തുമലയിലെ ദുരന്തത്തിന് അഞ്ചാണ്ട് തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഞെട്ടിപ്പിക്കുന്ന ദുരന്തം.നാനൂറിലേറെ കുടുംബങ്ങളെ ഉരുൾപൊട്ടൽ തകർത്തെന്നാണ് ഹൃദയഭേദകമായ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത് .
അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടിയത് . നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യര്‍ഥനകളും പുറത്തുവരുന്നുണ്ട്. അഗ്നിരക്ഷാ സേനയുടെയും എൻ.ഡി.ആർ.എഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. . ദുരന്തഭൂമിയിൽ ഇതുവരെ 45 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അതെ സമയം ചൂരൽമലയിലെ നിവാസികൾ തങ്ങളുടെ അയൽവാസികളായ പലരെയും കാണുന്നില്ലെന്ന ആശങ്ക മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. പുത്തുമലയേക്കാൾ വലിയ ദുരന്തമാണ് ഇന്നത്തേതെന്നും അവർ പറയുന്നു. സൈന്യം ഉൾപ്പെടെ എത്തിയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനം നടത്തുന്നത്. എന്നാൽ മണ്ണിനടിയിൽ എത്രപേർ അകപ്പെട്ടുവെന്നതിന് യാതൊരു വ്യക്തതയുമില്ല. കുട്ടികളും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിനു പേർ മണ്ണിനടിയിൽ പെട്ടിരിക്കാം.

മലപ്പുറം ചാലിയാർ പുഴയിൽനിന്നും 11 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. പോത്തുകല്ല് പഞ്ചായത്ത് പരിധിയിലെ വിവിധ കടവുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഭൂദാനം, വെള്ളിലമാട്, ഇരുട്ടി കുത്തി, അമ്പുട്ടാൻ പൊട്ടി, കുനിപ്പാല, മച്ചിക്കൈ, മുണ്ടേരി കമ്പി പാലം എന്നീ കടവുകളിൽ നിന്നും മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്.
