വാഷിംഗ്ഡൺ ഡി സി: പക്ഷിപ്പനിയുടെ അപൂർവ വകഭേദമായ എച്ച്5എൻ2 ബാധിച്ച് ആദ്യ മരണം മെക്സിക്കോയിൽ. മധ്യവയസ്കൻ മരിച്ചതായി അറിയിച്ചത് ലോകാരോഗ്യസംഘടനയാണ്. എച്ച്5എൻ2 വൈറസ് മനുഷ്യരെ ബാധിക്കുന്നത് ഇതാദ്യമായാണ്.
വൈറസിന്റെ ഉറവിടം അജ്ഞാതമാണെന്ന് അറിയിച്ച ലോകാരോഗ്യസംഘടന ഇത് പിടിപെട്ട് മരിക്കാനുള്ള സാധ്യത തീരെ കുറവാണെന്നും വിശദമാക്കി. രോഗിയെ മെക്സിക്കോസിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഏപ്രിൽ 24-നാണ്. പനി, ശ്വാസതടസം, വയറിളക്കം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങൾ. ഇവ വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്നുതന്നെ മരിക്കുകയും ചെയ്യുകയായിരുന്നു. എച്ച്5എൻ2 ആണെന്ന് സ്ഥിരീകരിച്ചത് തുടർന്ന് നടത്തിയ പരിശോധനയിലാണ്.
