ഉരുൾ ദുരന്തത്തിൽ നോവായി മാറിയ വയനാട്ടിൽ നടൻ മോഹൻലാൽ ശനിയാഴ്ച എത്തും. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആർമി ക്യാമ്പിലെത്തിയ ശേഷമാകും ദുരന്തഭൂമി സന്ദർശിക്കുക. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. മോഹൻലാൽ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു.
“വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു .ഞങ്ങൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിൻ്റെ ശക്തി കാണിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്! ” മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു .
അതെ സമയം ദുരിതബാധിതരുടെ പുനരധിവാസത്തിനായി വിവിധയിടങ്ങളിൽ നിന്നും സഹായമെത്തുകയാണ്. മമ്മൂട്ടി, ദുൽഖർ സൽമാൻ, മഞ്ജു വാര്യർ, നയൻതാര, ടൊവിനോ, ആസിഫ് അലി, നവ്യാ നായർ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.
എന്നാൽ തമിഴകത്തിന്റെ സൂപ്പർതാരങ്ങളായ കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷവും നൽകി.
English Summary: Mohanlal will visit Wayanad landslide area on Saturday.
