ഡൽഹി : സംഘർഷം നിലനിൽക്കുന്ന ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗക്കാരാണ് ഇന്ത്യയിലേക്ക് കടക്കാൻ കാത്തുനിൽക്കുന്നത്. അതെ സമയം ബിഎസ്എഫ് ഇവരോട് തിരികെ പോകാനായി അഭ്യർത്ഥിക്കുന്നുണ്ട് . എന്നാൽ , ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും ഇന്ത്യ അറിയിച്ചു.
ബംഗ്ലാദേശിൽ നിന്ന് കൂട്ടത്തോടെ ജനങ്ങൾ ഇന്ത്യൻ അതിർത്തികളിലേക്ക് ഒഴുകുന്നത് തുടരുകയാണ്. പശ്ചിമ ബംഗാളിലെ കൂച്ബിഹാറിലെ അതിർത്തി വഴിയാണ് നിരവധിപേർ അതിർത്തി കടക്കാൻ ശ്രമിക്കുന്നത്. അതേസമയം, ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകി. ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് എഡിജിയാണ് സമിതിയെ നയിക്കുക. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെയും ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബംഗ്ലാദേശ് സർക്കാറുമായി സമിതി ആശയവിനിമയം നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അറിയിച്ചു. അതേസമയം, നോർത്ത് 24 പർഗാനാസിലെ പെട്രാപോളിൽ ബംഗ്ലാദേശിൽ നിന്നുള്ള ആളുകളുടെ സ്ഥിരമായ ഒഴുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ , ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ബുദ്ധ മതസ്ഥർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു.
English Summary: Over 1,000 Bangladeshis Attempt to Cross Into India
