ഗാസ: ഗാസയിൽ വീണ്ടും സ്കൂൾ കെട്ടിടത്തിന് നേരെ ഇസ്രയേൽ ആക്രമണം, നിരവധിപ്പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്കൂൾ പരിസരത്ത് വൻ തീപിടുത്തത്തിന് കാരണമായി. ശനിയാഴ്ച രാവിലെ പ്രാർത്ഥനകൾ നടക്കുന്നതിനിടയിലാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. നൂറിലേറെ പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വക്താക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
അതെ സമയം , ആക്രമണത്തിൽ കെട്ടിടത്തിന് സാരമായി കേടുപറ്റിയതായും വലിയ രീതിയിൽ തീ പടർന്ന് പിടിച്ചതായുമാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ഹമാസ് – ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഭവനരഹിതരാക്കപ്പെട്ട അഭയാർത്ഥികളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് പലസ്തീനിലെ സിവിൽ ഡിഫൻസ് വക്താവ് വാർത്താ ഏജൻസിയോട് വ്യക്തമാക്കിയിട്ടുള്ളത്. ഗാസയിലെ അൽ തബീൻ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം ആക്രമണം നടന്നത് ഹമാസ് തീവ്രവാദികൾ ഒളിച്ചിരുന്ന ഇടത്തേക്കാണ് എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം. ഇസ്രയേൽ ഇന്റലിജൻസ് നൽകിയ വിവരത്തേ തുടർന്നായിരുന്നു ആക്രമണമെന്നും ഐഡിഎഫ് വക്താവ് വിശദമാക്കുന്നത്. മേഖലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണ് ശനിയാഴ്ച പുലർച്ചെ നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനും പരിക്കേറ്റവരെ രക്ഷിക്കുന്നതിനുമായി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ.ഗാസയിലെ രണ്ട് സ്കൂളുകൾക്ക് നേരെ വ്യാഴാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്. ഹമാസ് കമാൻഡ് സെൻററുകളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഗാസയിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കെട്ടിടത്തിനുള്ളിൽ പ്രഭാത പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെ മൂന്ന് റോക്കറ്റുകൾ സ്കൂളിൽ പതിച്ചു. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിനിടയിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയകേന്ദ്രമായി സ്കൂൾ ഉപയോഗിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സ്കൂളിനുള്ളിൽ നിന്ന് ഭീകരർ ഓപ്പറേഷൻ നടത്തുകയായിരുന്നെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. “സിവിലിയൻ അപകടസാധ്യത കുറയ്ക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചു” എന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
English Summary: Over ‘100 dead’ in Israeli strike at Gaza school, Gaza civil defence
