കേരളത്തിലെ ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വ്യോമനിരീക്ഷണം നടത്തി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ആകാശ നിരീക്ഷണത്തിന് പോയി.
ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിനുശേഷം ഇന്ത്യൻ സൈന്യം നിർമിച്ച ബെയ്ലി പാലം പരിശോധിക്കാൻ കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ദുരന്തബാധിത ചൂരൽമല ഗ്രാമത്തിലെത്തും . പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാൻ മേപ്പാടിയിലെ വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും പ്രധാനമന്ത്രി സന്ദർശിക്കും. അവലോകന യോഗത്തിനായി കൽപ്പറ്റയിലേക്ക് മടങ്ങുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദി ദുരിതാശ്വാസ ക്യാമ്പുകളിലൊന്ന് സന്ദർശിക്കും.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് കേന്ദ്രസർക്കാരിൽ നിന്ന് 2000 കോടി രൂപയുടെ സഹായം തേടുമെന്ന് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച കേന്ദ്രസർക്കാറിന്റെ സംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.സ്കൂളുകളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ ഉടൻ മാറ്റുമെന്ന് വയനാട് പുനരധിവാസത്തിനുള്ള മന്ത്രിസഭാ ഉപസമിതി അറിയിച്ചു. സർക്കാർ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ 125 വീടുകൾ താമസിക്കാൻ കണ്ടെത്തിയിട്ടുണ്ട്.
English Summary: Wayanad landslides: PM Modi undertakes an aerial inspection; Kerala requests Rs 2,000 crore in relief
