കൽപ്പറ്റ: വയനാട്ടിലും കോഴിക്കോട്ടും ഭൂമി കുലുക്കം. ഇരു സ്ഥലത്തു നിന്നും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു . വയനാട്ടിലെ വൈത്തിരി, നെൻമേനി, അമ്പലവയൽ പൊഴുതന, വെങ്ങപ്പള്ളി, പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും രാവിലെ 10 മണിയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായെന്ന് വിവരം. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ.
സംഭവമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. ജനം പരിഭ്രാന്തിയിലാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി അറിയിച്ചു. വലിയ പ്രകമ്പനം എവിടെയും അനുഭവപ്പെട്ടിട്ടില്ലെന്നാണ് നാഷണൽ സീസ്മോളജി സെൻ്ററിനെ ഉദ്ധരിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും അറിയിക്കുന്നത്.
അമ്പലവയൽ, നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്വാരങ്ങളിലാണ് ഈ സംഭവം. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാർ പലരും കരുതിയത്. എന്നാൽ അതല്ലെന്ന് പിന്നീട് മനസിലായി. വലിയ ശബ്ദത്തിന് പിന്നാലെ ഭൂമി നേരിയ നിലയിൽ കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാർ പറയുന്നു.അതെ സമയം നാശനഷ്ടം ഉണ്ടായതായി വിവരം ഇതുവരെയില്ല.
English Summary: Vibration from underground in Wayanad and Kozhikode
