ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുo പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദുരന്തത്തിൽ അടിയന്തര സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ കൂടുതൽ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭയിലെ ദുരന്തത്തിന്റെ തീവ്രത ചൂണ്ടിക്കാട്ടിയാണ് രാഹുൽ വയനാട്ടിലെ ഉരുൾപൊട്ടൽ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
“വയനാട്ടിലുണ്ടായ ദുരന്തം ഹൃദയഭേദകമാണ്. നഷ്ടപരിഹാരം വർധിപ്പിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടനടി നൽകുന്നത് ഉൾപ്പെടെ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ നൽകണം.” രാഹുൽ ആവശ്യപ്പെട്ടു.
അടുത്തിടെ മണ്ണിടിച്ചിലുകളുടെ ഭയാനകമായ വർധനവിന് നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചു. നമ്മുടെ പാരിസ്ഥിതികമായി ദുർബലമായ പ്രദേശങ്ങളിൽ വർധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തി കുറക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തന പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
അതെ സമയം ,മരണസംഖ്യ വീണ്ടും ഉയരുന്ന സാഹചര്യമാണുള്ളത് . ദുരന്ത മണ്ണിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വയനാട്, കോഴിക്കോട്, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതെ സമയം നാളെ ഒരു ജില്ലയിലും ‘റെഡ് ‘അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary : Wayanad disaster; Central government should intervene more : Rahul
