കിവ്: റഷ്യ – യുക്രെയ്ൻ യുദ്ധത്തിന് ആക്കം കൂട്ടി ആണവ നിലയത്തിൽ ഡ്രോൺ ആക്രമണം. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ യുക്രെയ്നിലെ സപോറീഷ്യയിലാണ് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത് .ഇതിന് പിന്നാലെ സപോറീഷ്യ ആണവ നിലയിൽ തീപിടിത്തമുണ്ടായി. ഒന്നിലധികം സ്ഫോടനങ്ങളെത്തുടർന്ന് സപോറീഷ്യയിലെ കൂളിങ് ടവർ തകരുകയും പ്ലാന്റിന്റെ വടക്കൻ ഭാഗത്തുനിന്ന് ഇരുണ്ട പുക ഉയരുകയും ചെയ്തു. എന്നാൽ തീ പൂർണമായും കെടുത്തിയെന്നാണ് വിവരം.
അതെ സമയം ആക്രമണ പശ്ചാത്തലത്തിൽ യൂറോപ്പ് ആകമാനം ആശങ്കയിലായിരിക്കുകയാണ്. പ്ലാന്റിന് ചുറ്റും റേഡിയേഷൻ ഉണ്ടായിട്ടില്ലെന്ന് റഷ്യ നിയമിച്ച ഗവർണർ യെവ്ജെനി ബാലിറ്റ്സ്കി അറിയിച്ചു. എന്നാൽ ആണവ നിലയത്തിൽ ആക്രമണം നടത്തിയത് റഷ്യയാണെന്ന് യുക്രെയ്ൻ ആരോപിച്ചു. എന്നാൽ, തങ്ങളല്ല യുക്രെയ്ൻ തന്നെയാണ് ആക്രമണം നടത്തിയതെന്ന് റഷ്യയും തിരിച്ചടിച്ചു. രണ്ട് വർഷത്തിലേറെയായി മോസ്കോയുടെ സൈന്യം കൈവശപ്പെടുത്തിയ പ്ലാൻ്റിൽ റഷ്യൻ സൈന്യം ആക്രമണം നടത്തിയതായി ഉക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു.
ആണവ നിലയം 2022 മുതൽ റഷ്യൻ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും നിയന്ത്രണത്തിലാണ്. രണ്ട് വർഷത്തിലേറെയായി ഇത് വൈദ്യുതി ഉൽപ്പാദിപ്പിച്ചിട്ടില്ല, കൂടാതെ ആറ് റിയാക്ടറുകളും ഏപ്രിൽ മുതൽ തണുത്തുറഞ്ഞ ഷട്ട്ഡൗണിലാണ്.
English Summary: Zaporizhzhia-nuclear-plant-attack-in-ukraine
