കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചൂരൽമലയിലേക്ക് പുറപ്പെട്ടു.കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ അദ്ദേഹം റോഡുമാർഗമാണ് ചൂരൽമലയിലേക്ക് തിരിച്ചത്. ബെയ്ലി പാലം സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ പ്രശംസിക്കും.
തുടർന്ന് ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി മോദി സംസാരിക്കും. ശേഷം വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. അതെ സമയം ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട മോദി ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്കാണ്. സ്കൂൾ റോഡിന്റെ ഭാഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്കൂൾ കാണണമെന്നായിരുന്നു. സ്കൂളിന്റെ പരിസരത്തെ തകർന്ന വീടുകളും മോദി കണ്ടു.

കുട്ടികൾക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു. എത്ര കുട്ടികൾ ദുരന്തത്തിന്റെ ഭാഗമായി എന്നും എത്ര പേർക്ക് രക്ഷപ്പെടാൻ സാധിച്ചുവെന്നും മോദി ചോദിച്ചു മനസ്സിലാക്കി. എഡിജിപി എംആർ അജിത്കുമാറാണ് പ്രധാനമന്ത്രിക്ക് ദുരിതമേഖലയിലെ സാഹചര്യം വി ശദമാക്കിയത് . കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും മോദിക്കൊപ്പമുണ്ടായിരുന്നു.രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു.
English Summary : Prime Minister Narendra Modi visited the disaster are and went to Churalmalai
