ന്യൂയോർക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് അയർലൻഡിനെ നേരിടാനിറങ്ങുമ്പോൾ പ്ലേയിംഗ് ഇലവനിൽ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ അവസരം കിട്ടുമോ എന്നതും മലയാളികൾ ഉറ്റുനോക്കുന്നു. എന്നാൽ ഇന്ത്യൻ ക്യാംപിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഇന്ന് ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം വിരാട് കോലിയാകും ഓപ്പണറായി ഇറങ്ങുക. മൂന്നാം നമ്പറിൽ സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ അർധസെഞ്ചുറി നേടിയ റിഷഭ് പന്ത് ആകും എത്തുക.
ഇടം കൈയൻ സ്പിന്നർമാർക്ക് പിച്ചിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യം പ്രതിരോധിക്കുക എന്നത് കൂടി പന്തിനെ മൂന്നാം നമ്പറിൽ കളിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യമാണ്. ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടത്തിൽ ഇടം കൈയൻ സ്പിന്നർമാരെ കളിക്കാൻ ബാറ്റർമാർ ബുദ്ധിമുട്ടിയിരുന്നു. ഓപ്പണിംഗിലിറങ്ങുന്ന വിരാട് കോലിക്കും രോഹിത് ശർമക്കും ഇടം കൈയൻ സ്പിന്നർമാർക്കെതിരെ മികച്ച റെക്കോർഡില്ലെന്നതും ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്ന ഘടകമാണ്.
