വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ വംശീയത ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. ഷിക്കാഗോയിൽ കറുത്ത വംശജരായ മാധ്യമപ്രവർത്തകരുടെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ട്രംപ് .
‘അവർ എല്ലായ്പ്പോഴും ഇന്ത്യൻ പൈതൃകത്തിലായിരുന്നു. ആ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നു ചെയ്തത്. ‘വർഷങ്ങൾക്ക് മുൻപ് അവർ കറുത്ത വംശജയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ അവർ കറുത്ത വംശജയായി അറിയപ്പെടാൻ താൽപര്യപ്പെടുന്നു. അതുകൊണ്ട് എനിക്കറിയില്ല. അവർ ഇന്ത്യക്കാരിയോ അതോ കറുത്ത വംശജയോ?’’– ട്രംപ് ചോദിച്ചു.
അവർ എല്ലാ വഴികളിലും ഇന്ത്യക്കാരിയായിരുന്നു. പിന്നെ പെട്ടെന്നാണവർ തിരിഞ്ഞ് ഒരു കറുത്ത വ്യക്തിയായത് – ആയിരത്തിലേറെ പേരടങ്ങിയ സദസ്സിനു മുമ്പാകെയായിരുന്നു ട്രംപിന്റെ ഈ പരാമർശം. ഇന്ത്യൻ–ജമൈക്കൻ ദമ്പതികളുടെ മകളായ കമല, കറുത്ത വംശജയായ ആദ്യ ഏഷ്യൻ–അമേരിക്കൻ വൈസ് പ്രസിഡന്റാണ്.
അതെ സമയം ട്രംപിന്റെ പരാമർശം ഭിന്നിപ്പിന്റെയും അനാദരവിന്റെയും പഴയകാല പ്രദർശനമാണെന്ന് കമല ഹാരിസ് പറഞ്ഞു. അമേരിക്കൻ ജനത മികച്ചത് അർഹിക്കുന്നു .വ്യത്യസ്തതകൾ ജനങ്ങളെ വിഭജിക്കുന്നില്ലെന്ന് മനസ്സിലാക്കുന്ന നേതാവിനെ യുഎസ് അർഹിക്കുന്നുവെന്നും കമല കൂട്ടിച്ചേർത്തു.
English Summary : Indian or black? Trump’s racism against Kamala
