കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതിന്റെ പേരിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് കൊൽക്കത്ത പോലീസ്. ഇന്ദിര ഗാന്ധിയെപ്പോലെ മമത ബാനർജിയെ വെടിവച്ചുകൊല്ലൂയെന്നാണ് വിദ്യാർത്ഥി പോസ്റ്റിട്ടത്. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഞാൻ നിരാശനാകില്ല എന്നും വിദ്യാർഥി പോസ്റ്റിൽ പറഞ്ഞു. തുടർന്ന് തൃണമൂൽ കോൺഗ്രസ് അനുഭാവികൾ വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
ഓഗസ്റ്റ് 9 ന് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിൽ ഇയാൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.സാമൂഹിക അക്രമ വാസന സൃഷ്ടിക്കുകയും സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റം ചാർത്തിയാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
വിവാദ പ്രസ്താവന പ്രചരിപ്പിച്ചതിന് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയതിന് മുൻ ബിജെപി എംപി ലോക്കറ്റ് ചാറ്റർജിക്കും രണ്ട് പ്രമുഖ ഡോക്ടർമാർക്കും പോലീസ് സമൻസ് അയച്ചു.ഇൻസ്റ്റാഗ്രാമിൽ “കിർട്ടിസോഷ്യൽ” എന്ന ഹാൻഡിലിന് കീഴിൽ പ്രവർത്തിച്ചിരുന്ന പ്രതി മുഖ്യമന്ത്രിയെ വധിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം.
English Summary: Shoot Mamata Banerjee Like Indira Gandhi: Student Arrested For Controversial Post
