റിയാദ്: നിയമലംഘനം നടത്തിയ പ്രവാസികൾ സൗദിയിൽ അറസ്റ്റിൽ. വിസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 19,989 പ്രവാസികളെയാണ് സൗദി പോലീസ് പിടികൂടിയത് .ആഗസ്റ്റ് എട്ട് മുതൽ 14 വരെ രാജ്യത്തുടനീളം ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിെൻറയും സഹകരണത്തോടെ തുടരുന്ന അന്വേഷണത്തിന്റെ ഭാഗമാണിത് .
അനധികൃത താമസവുമായി ബന്ധപ്പെട്ട് 12,608 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4,519 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,862 പേരുമാണ് പിടിയിലായാത്. രാജ്യാതിർത്തി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 913 പേരും പിടിയിലായി. ഇതിൽ 32 ശതമാനം യമനികളും 65 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കി. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 34 പേരും അറസ്റ്റിലായി. നിയമലംഘകർക്ക് യാത്രാ, താമസസൗകര്യങ്ങൾ ഒരുക്കുകയും ജോലിനൽകുകയും അവരുടെ നിയമലംഘനം മറച്ചുവെക്കുകയും ചെയ്തതിന് ഒമ്പത് പേർ വേറെയും പിടിയിലായി.
അതെ സമയം നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും മന്ത്രാലയം താക്കീത് ആവർത്തിച്ചു.
English Summary : 11,361-expatriates-were-deported-in-saudi-arabia
