ഗസ്സ: ഇന്ന് ദോഹയിൽ നടക്കുന്ന വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ കരാർ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഹമാസ്. ചർച്ചക്ക് ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഹമാസിന്റെ പ്രഖ്യാപനം.
“വ്യാഴാഴ്ച ഖത്തർ തലസ്ഥാനത്ത് പുനരാരംഭിക്കുന്ന ചർച്ചകളിൽ ഹമാസ് പങ്കെടുക്കില്ല’ -ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സുഹൈൽ ഹിന്ദി വ്യക്തമാക്കി . ഇനി ചർച്ചകളുടെ ആവശ്യമില്ലെന്നും ജൂലൈ രണ്ടിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശ പ്രകാരം തയാറാക്കിയ കരാർ ഇസ്രായേൽ പാലിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ അത് പാലിക്കുകയാണെങ്കിൽ കരാർ നടപ്പാക്കാൻ ഹമാസും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പലസ്തീൻ സായുധ സംഘത്തിന് കരാർ നടപ്പിലാക്കുന്നതിനുള്ള ഒരു റോഡ് മാപ്പ് വേണം. ചർച്ചകളിൽ ഏർപ്പെടില്ലെന്നും ഹമാസ് അറിയിച്ചു .മെയ് അവസാനം യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ അവതരിപ്പിച്ച നിർദ്ദിഷ്ട കരാറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം റോഡ്മാപ്പ് എന്ന് അദ്ദേഹം ആവർത്തിച്ചു.എന്നാൽ ഇസ്രായേൽ “പുതിയ വ്യവസ്ഥകൾ” ചേർത്തതായി ആരോപിച്ചു.
അതെ സമയം ഇസ്രായേൽ പ്രധാനമന്ത്രി അത് നിഷേധിക്കുകയും ഹമാസാണ് മാറ്റങ്ങൾ ആവശ്യപ്പെടുന്നതെന്നും പറഞ്ഞു. ഹമാസ് ഇല്ലാതെ പോലും ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു, ശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു പദ്ധതി തയ്യാറാക്കാൻ അവ ഉപയോഗിക്കാമെന്ന് യുഎസ്, ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥർ പറയുന്നു.
ഇരുരാഷ്ട്രങ്ങൾക്കും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ ക്ഷണത്തെ തുടർന്നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കെയ്റോയിലോ ദോഹയിലോ ചർച്ച നടത്താമെന്നായിരുന്നു തീരുമാനം. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ വെച്ച് ഇസ്രായേൽ കൊലപ്പെടുത്തിയതും വെടിനിർത്തൽ ചർച്ചകളെ സ്വാധീനിച്ചിട്ടുണ്ടാകും എന്നാണ് വിലയിരുത്തൽ. ഇതിന് പ്രതികാരമായി ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതെ സമയം, ഗസ്സയിൽ വെടിനിർത്താനുള്ള കരാറിൽ ഉടൻ ഒപ്പുവെക്കണമെന്ന് യു.എസിൽ നിന്നുള്ള ജൂത പുരോഹിതൻമാർ ഇസ്രായേൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ ഹമാസ് തടവിലാക്കിയ 115 ബന്ദികളെ തിരിച്ചെത്തിക്കാതെ ആഗോളതലത്തിലുള്ള ജൂതർക്ക് ആശ്വാസമുണ്ടാകില്ലെന്നും ജൂതപുരോഹിതർ അറിയിച്ചു.
അതെ സമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരഹത്യ 312 ദിവസം കഴിഞ്ഞു . ഇതിനോടകം 40,000ലേറെ പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. വെടിനിർത്താൻ അന്താരാഷ്ട്ര കോടതികൾ വരെ ആവശ്യപ്പെട്ടിട്ടും അവഗണിച്ച് കൊണ്ട് കുഞ്ഞുങ്ങളെയടക്കം ഇസ്രായേൽ നിർബാധം കൊന്നുതള്ളുന്നത് തുടരുന്നതിനിടെയാണ് ഹമാസിന്റെ തീരുമാനം.
English Summary: Hamas official says it will not join ceasefire talks in Qatar
