ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന ആപ്ലിക്കേഷനായ മെട്രാഷ് 2 ലൂടെ വ്യക്തികൾക്കും കമ്പനികൾക്കും വിസയിലെ വിവരങ്ങൾ (പാസ്പോർട്ട്, പേര്) എന്നിവ ഉടനടി മാറ്റാൻ അവസരം . ഖത്തർ ഇ-ഗവൺമെന്റ് പോർട്ടലായ ‘ഹുകൂമി’ യാണ് ഇക്കാര്യം അറിയിച്ചത്.
മെട്രാഷ് 2 ആപ്ലിക്കേഷൻ
മെട്രാഷ് 2 ആപ്ലിക്കേഷൻ ലോഗിൻ ചെയ്ത ശേഷം’ ആക്സസ് വിസ’ എന്ന കോളം ക്ലിക്ക് ചെയ്യണം. തുടർന്ന് വിവരങ്ങൾ മാറ്റാനുള്ള മെനുവിൽ ക്ലിക്ക് ചെയ്യുക. ശേഷം വ്യക്തിഗത ഇടപാടോ കമ്പനി ഇടപാടോ എന്ന് വ്യക്തമാക്കുക. ഇവിടെ വിസ നമ്പർ നൽകി അടുത്ത പേജിലേക്ക് പ്രവേശിക്കാം. ഈ പേജിൽ വിസയിലെ വിവരങ്ങൾ (പാസ്പോർട്ട്, പേര്) തിരുത്താവുന്നതാണ്. വിവരങ്ങളുടെ കൃത്യത പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് തുടർ നടപടികളിലേക്ക് പ്രവേശിക്കേണ്ടത്.
എന്നാൽ ,പാസ്പോർട്ടിലെ വിവരങ്ങൾ തിരുത്തുന്ന സേവനമാണ് ആവശ്യമുള്ളതെങ്കിൽ അതിന്റെ പകർപ്പ് കൂടെ അറ്റാച്ച് ചെയ്യണം. സേവനം സൗജന്യമാണ്. നിലവിൽ മെട്രാഷ് 2 ആപ്പിലൂടെ വിവിധ വകുപ്പുകളിലായി മുന്നൂറിലേറെ സേവനങ്ങളാണ് ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും കമ്പനികൾക്കുമായി നൽകുന്നത്. നേരത്തേ മന്ത്രാലയത്തിലും സർക്കാർ സേവന കാര്യാലയങ്ങളിലും നേരിട്ടെത്തി കൂടുതൽ സമയമെടുത്ത് ചെയ്യേണ്ടിയിരുന്ന നിരവധി സേവനങ്ങൾ ഇപ്പോൾ ഏതാനും ഓൺലൈനായി ചെയ്യാമെന്നുള്ളതാണ് സൗകര്യപ്രദം .
