ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് വയനാട് ദുരന്തത്തിൽ ഒരാഴ്ച ഒരാഴ്ച മുന്നേ മുന്നറിയിപ്പ് നൽകിയതായി കേന്ദ്രം പ്രതികരിച്ചത് . കേരളം കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസും. കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്റാം രമേശാണ് അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്.
‘കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയെന്ന അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമായി. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണ്’, ജയ്റാം രമേശ് വ്യക്തമാക്കി.
അതെ സമയം അമിത് ഷായുടെ ഈ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കിയിരുന്നു. കേന്ദ്രകാലവാസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത് അപകടം നടന്ന ദിവസമായ ജൂലായ് 30-ന് രാവിലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.
പ്രകൃതിക്ഷോഭ സാധ്യത സംബന്ധിച്ച് കേരളത്തിന് ഒരാഴ്ച മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. കേരളം മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും അദ്ദേഹം വയനാട് ദുരന്തം ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ ആരോപണം ഉയർത്തിയിരുന്നു .അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രാജ്യസഭയിലെ സിപിഎം എംപിമാരും കഴിഞ്ഞ ദിവസം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും രംഗത്തെത്തിയത് .
English Summary: Kerala ignored disaster warnings; Congress issued a notice for infringement against Amit Shah.
