ന്യൂഡൽഹി: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്ത്. ചിലർക്ക് അമാനുഷികനും ഭഗവാനുമാകാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് താൻ ഒരിക്കലും ആശങ്കപ്പെടുന്നില്ലെന്നും നിരവധിപേർ അതിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുന്നുണ്ടെന്നും അത് ഫലം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.മോഹൻ ഭാഗവതിൻ്റെ ഒരു യോഗത്തിൽ ഒളിയമ്പെയ്ത പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു.
ജാർഖണ്ഡിൽ നിന്ന് നാഗ്പൂർ ലോക് കല്യാൺ മാർഗ് ലക്ഷ്യമാക്കി തൊടുത്ത ഏറ്റവും പുതിയ അഗ്നി മിസൈലിൻ്റെ വാർത്ത സ്വയം അഭിഷിക്തനായ പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്,” കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവിയും എംപിയുമായ ജയറാം രമേഷ് എക്സിൽ വീഡിയോ ഉൾപ്പെടുത്തി പറഞ്ഞു. തുടർന്ന് വൈറലായ വീഡിയോയിൽ, പുരോഗതിക്ക് അവസാനമില്ലെന്നും ആളുകളുടെ അത്യാഗ്രഹത്തിന് അവസാനമില്ലെന്നും ആർഎസ്എസ് മേധാവി പറയുന്നത് കേൾക്കാം.ജാർഖണ്ഡിലെ ഗുംലയിൽ സ്വമേധയാ പ്രവർത്തിക്കുന്ന സംഘടനയായ ‘വികാസ് ഭാരതി ‘സംഘടിപ്പിച്ച ഗ്രാമതല തൊഴിലാളി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗതിക്ക് എന്നെങ്കിലും അവസാനമുണ്ടോ? വികസനം എന്നത് അത്തരത്തിലുള്ള ഒരു കാര്യമാണ്, അതിൽ എത്തിക്കഴിഞ്ഞാൽ, നമുക്ക് കൂടുതൽ മുന്നോട്ട് പോകാൻ കഴിയും. നമ്മൾ നമ്മുടെ ലക്ഷ്യത്തിലെത്തുമ്പോൾ, ഇനിയും പോകാനുണ്ടെന്ന് നാം മനസിലാക്കുന്നു … മനുഷ്യൻ ഒരു സൂപ്പർമാൻ ആകാൻ ആഗ്രഹിക്കുന്നു… സിനിമകളിൽ അവർ അസാധാരണമായ ശക്തിയുള്ള സൂപ്പർമാനെ കാണിക്കുന്നു. അതിനാൽ ഒരു മനുഷ്യൻ അത്തരമൊരു ശക്തി നേടാൻ ആഗ്രഹിക്കുന്നു… ”ഭാഗവത് പറഞ്ഞു.
തന്നെ അയച്ചത് “പരമാത്മാവ്” (ദൈവം) ആണെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ഈ വർഷം ആദ്യം പറഞ്ഞ മോദിയെ പരിഹസിക്കാൻ കോൺഗ്രസ് ആർഎസ്എസ് മേധാവിയുടെ പരാമർശം ഉപയോഗപ്പെടുത്തുകയായിരുന്നു.
“എൻ്റെ അമ്മ ജീവിച്ചിരിക്കുന്നതുവരെ, ഞാൻ ജനിച്ചത് ജൈവികമായിട്ടാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അവർ മരിച്ചതിന് ശേഷം, ഞാൻ ധ്യാനിക്കുമ്പോൾ, ദൈവം എന്നെ അയച്ചതാണെന്ന് എനിക്ക് ബോധ്യമായി.”ലോക്സഭാതിരഞ്ഞെടുപ്പു വേളയിൽ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോദി ഇത്തരത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
മാനുഷിക ഗുണങ്ങൾ കൈവരിച്ചതിനുശേഷം മാത്രമേ ഒരാൾക്ക് അമാനുഷികനും തുടർന്ന് ‘ദേവത’, ‘ഭഗവാൻ’ എന്നീ പദവികളും ആഗ്രഹിക്കാനാകൂവെന്നും ഭഗവത് പറയുന്നു . ആന്തരികവും ബാഹ്യവുമായ വികാസത്തിന് പരിധിയില്ലെന്നും മനുഷ്യത്വത്തിന് വേണ്ടി അക്ഷീണം പ്രവർത്തിക്കണമെന്നും ഒരു തൊഴിലാളി ഒരിക്കലും തന്റെ ജോലിയിൽ തൃപ്തനാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഒരുപാട് ജോലികൾ ചെയ്യാനുണ്ട്… നമ്മൾ ഒരുപാട് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും… വിദ്യാഭ്യാസം ആവശ്യമുള്ള ഒരു പുതിയ തലമുറ വരുന്നു… വികസനം ഒരു തുടർച്ചയായ ദൗത്യമാണ്. നമ്മൾ ഇത്രയും ചെയ്തു, പക്ഷേ ഒരുപാട് ബാക്കിയുണ്ട് എന്നൊരു തോന്നൽ ഒരു തൊഴിലാളിക്ക് ഉണ്ടാകണം. ഞാൻ ഇത്രയധികം തൈകൾ നട്ടുവെന്ന് നിങ്ങൾ കരുതരുത്. തൈകൾ തുടർച്ചയായി നടണം. അതുകൊണ്ട് കൂടുതൽ എന്തെങ്കിലും ചെയ്യേണ്ടിവരും. ഒരു പുതിയ തലമുറ വരും, ഇത് തുടരും,” ഭഗവത് കൂട്ടിച്ചേർത്തു.
‘സനാതൻ ധർമ്മം’ മനുഷ്യരാശിയുടെ ക്ഷേമത്തിൽ വിശ്വസിക്കുന്നുവെന്നും കോവിഡ്-19 മഹാമാരിക്ക് ശേഷം ഇന്ത്യ നൽകിയ സന്തോഷത്തിൻ്റെ വഴിമാപ്പ് ലോകം പിന്തുടരാൻ തുടങ്ങിയെന്നും ആർഎസ്എസ് മേധാവി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അവഗണന നേരിട്ടെന്ന ആരോപണ പശ്ചാത്തലത്തിൽ ബി.ജെ.പിയും ആർ.എസ്.എസും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കയാണ് .
