ഒട്ടേറെ ജീവിതഗന്ധിയായ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട് . പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ് അന്തിക്കാട് ചിത്രങ്ങളെല്ലാം . ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് .ഇപ്പോഴിതാ ആരാധകർക്കായി പുത്തൻ പരീക്ഷണവുമായി എത്തുകയാണ് സത്യൻ അന്തിക്കാട് . മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് അദ്ദേഹം.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
തന്റെ ഒരോ സിനിമയിലൂടെയും അന്തിക്കാട് പ്രേക്ഷകർക്കായി പകർന്നു നൽകുന്നത് ഓരോ സന്ദേശമാണ് .അദ്ദേഹം അടുത്തിടെ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെയ്ക്കുന്നത് .
സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് കുറിപ്പ് :
“ഷൂട്ടിങ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. കഥയ്ക്ക് മുമ്പ് പേര് കിട്ടിയ ചരിത്രമാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനുള്ളത്. “ അടുത്ത സിനിമ ഒരു കോളനിയുടെ പശ്ചാത്തലത്തിൽ ആയാലോ “ എന്ന് ചോദിച്ചപ്പോഴേക്കും ശ്രീനി പറഞ്ഞു… “ നമുക്ക് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന് പേരിടാം. ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനും ഷൂട്ടിങ്ങിന് മുമ്പേ കയറിവന്ന പേരുകൾ ആണ്. പുതിയ ചിത്രം ഡിസംബറോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത് എങ്കിലും “ഹൃദയപൂർവ്വം” എന്ന പേര് നൽകുന്നു. മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിക്കുന്നത് എന്റെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. വീണ്ടും മോഹൻലാൽ എന്റെ നായകനാകുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. വളരെ രസകരമായ ഒരു കഥ എന്റെ മനസ്സിൽ രൂപപ്പെട്ടു കഴിഞ്ഞപ്പോൾ കൂടെയിരുന്ന് അത് തിരക്കഥയാക്കാനും സംഭാഷണങ്ങൾ എഴുതുവാനും “നൈറ്റ് കോൾ” എന്ന മനോഹരമായ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത സോനു ടി പി യെയാണ് തിരഞ്ഞെടുത്തത്. ‘സൂഫിയും സുജാതയും’, ‘അതിരൻ’ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം ഏറെ പ്രിയപ്പെട്ട പ്രശാന്ത് മാധവും.”
ബഹുമുഖ പ്രതിഭയായ ശ്രീനിവാസനുമായി അഭേദ്യമായ ബന്ധമാണ് സത്യൻ അന്തിക്കാടിനുള്ളത് .1986- ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിലൂടെയാണ് ശ്രീനിവാസൻ തിരക്കഥാകൃത്ത് എന്ന നിലയിൽ സത്യൻ അന്തിക്കാടുമായി ഒന്നിയ്ക്കുന്നത്. പിന്നീട് സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങിയ ചിത്രങ്ങളിലൂടെ ആ ബന്ധം കൂടുതൽ ശക്തിപ്പെടുകയായിരുന്നു .
കുറുക്കന്റെ കല്യാണം, കിന്നാരം, മണ്ടന്മാർ ലണ്ടനിൽ, വെറുതെ ഒരു പിണക്കം, അപ്പുണ്ണി,കളിയിൽ അൽപ്പം കാര്യം,അദ്ധ്യായം ഒന്നു മുതൽ, ഗായത്രിദേവി എന്റെ അമ്മ, പപ്പൻ പ്രിയപ്പെട്ട പപ്പൻ,ടി.പി. ബാലഗോപാലൻ എം.എ, ഗാന്ധിനഗർ 2nd സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം,ശ്രീധരന്റെ ഒന്നാം തിരുമുറിവ്, നാടോടിക്കാറ്റ്, ലാൽ അമേരിക്കയിൽ, തലയണമന്ത്രം, മഴവിൽക്കാവടി, മൈ ഡിയർ മുത്തച്ഛൻ, സ്നേഹസാഗരം, ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ പ്രകാശൻ, എന്നും എപ്പോഴും,ജോമോന്റെ സുവിശേഷങ്ങൾ,പുതിയ തീരങ്ങൾ, സ്നേഹവീട്,കഥ തുടരുന്നു,മകൾ തുടങ്ങി മനസ്സിൽ തങ്ങി നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് അന്തിക്കാട് മലയാളികൾക്ക് സമ്മാനിച്ചത് .മോഹൻലാലിനെ നായകനാക്കിയുള്ള അദ്ദേഹത്തിന്റെ അടുത്ത ചിത്രവും പ്രേക്ഷകർക്ക് പുതുമ നൽകുമെന്ന് തന്നെയാണ് പ്രതീക്ഷ.