ചെന്നൈ: പൊതിച്ചോറിൽ അച്ചാർ നൽകാതിരുന്നതിന് റസ്റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായിനൽകേണ്ടിവന്നത് കനത്ത തുക . 80 രൂപയുടെ 25 ഊണ് പാഴ്സൽ വാങ്ങിയ വ്യക്തിക്ക് 35,000 രൂപ നഷ്ടപരിഹാരംനൽകാനാണ് ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടത്. തമിഴ്നാട് വില്ലുപുരത്തുള്ള റസ്റ്ററന്റിൽനിന്ന് രണ്ട് വർഷംമുമ്പ് (2022 ൽ ) പാഴ്സൽ വാങ്ങിയ ആരോഗ്യസാമിയുടെ പരാതിയെ തുടർന്നാണ് നടപടി.
ബന്ധുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ആരോഗ്യസാമി വില്ലുപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള റസ്റ്ററന്റിൽനിന്ന് 2022 നവംബർ 27-ന് 25 പൊതിച്ചോർ വാങ്ങിയത്. ഇതിൽ അച്ചാറുണ്ടായിരുന്നു. അടുത്ത ദിവസവും ഇതേ റസ്റ്ററന്റിൽനിന്ന് 25 ഊണ് തന്നെ വാങ്ങി. എന്നാൽ ഇതിൽ അച്ചാറുണ്ടായിരുന്നില്ല. ഇതേകുറിച്ച് ചോദിച്ചപ്പോൾ തർക്കമായി. രസീത് ചോദിച്ചപ്പോൾ താൽക്കാലിക കടലാസിലാണ് എഴുതി നൽകിയത്. അതെ സമയം , ഒരു ഊണിന്റെ അച്ചാറിന് ഒരു രൂപ എന്ന കണക്കിൽ 25 രൂപ തനിക്ക് തിരിച്ചു നൽകണമെന്ന് ആരോഗ്യസാമി കടയുടമയോടാവശ്യപ്പെട്ടു.
എന്നാൽ ഉടമ ആവശ്യം നിരസിച്ചതിനെ തുടർന്ന് ആരോഗ്യസാമി വില്ലു പുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. ആരോഗ്യസാമി നേരിട്ട മാനസിക ബുദ്ധിമുട്ട് പരിഗണിച്ച് 30,000 രൂപയും നിയമച്ചെലവിനായി 5000 രൂപയും അച്ചാറിന്റെ വിലയായി 25 രൂപയും നൽകാനാണ് ഉത്തരവിട്ടത് . 45 ദിവസത്തിനകം ഹോട്ടൽ ഉടമ നൽകണം. വീഴ്ച വരുത്തിയാൽ പ്രതിമാസം 9% പലിശ സഹിതം അടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.
English Summary : Rice with no pickle, A fine of Rs 35,000 has to be paid by the hotel owner who does not refund Rs 25, vilupuram,Chennai.
