കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ഐടി മേഖല, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കൂടുതൽ സമയം ജോലിസ്ഥലത്ത് ചെലവഴിക്കേണ്ടി വരാറുണ്ട്. അതെ സമയം മറ്റുള്ള സ്ഥാപനങ്ങളിൽ പ്രധാനമായും 10 മണി മുതൽ അഞ്ചോ ആറോ മണി വരെയാകും സമയം. അതേ സമയം, പരമാവധി സമയം ഓഫീസിൽ തന്നെ ചെലവഴിക്കുന്നവരുമുണ്ട്.
എന്നാൽ, ജോലി തീർത്ത് സമയത്ത് വീട്ടിൽ പോകുന്നവരായിരിക്കും ഭൂരിഭാഗവും . കാരണം, കുടുംബത്തിനും കൂട്ടുകാർക്കും അവനവന് തന്നെയും ജോലിക്കൊപ്പം നാം സമയം നൽകേണ്ടതുണ്ട്. എന്നാൽ, ചില ജീവനക്കാർ കൂടുതൽ നേരം ഓഫീസിൽ ജോലി ചെയ്യുകയും സമയത്തിന് പോകുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്യാറുണ്ട്. അങ്ങനെ ചെയ്ത ഒരാൾ അടുത്തിടെ സമൂഹ മാധ്യമത്തിൽ വലിയ തോതിൽ വിമർശനത്തിന് പാത്രമായി.
Sagar Lele എന്ന യൂസറാണ് തന്റെ ശൂന്യമായി കിടക്കുന്ന ഓഫീസിന്റെ ചിത്രമെടുത്ത് എക്സിൽ പോസ്റ്റ് ചെയ്തത്. അതിനൊപ്പം സാഗർ ഇങ്ങനെ കുറിച്ചു.
‘രാവിലെ 7 മണിക്ക് ഓഫീസിൽ എത്തുകയും രാത്രി 2 മണിക്ക് പോവുകയും ചെയ്യേണ്ടുന്ന ഒരു സമയമുണ്ടായിരുന്നു. ഞാനാണ് ഓഫീസിൽ ആദ്യം എത്തുകയും അവസാനം പോവുകയും ചെയ്യുന്നത്’ എന്നാണ്. ‘വൈകുന്നേരം 6.30 -നുള്ള ചിത്രമാണ് ഇതെന്നും നാണക്കേട്’ എന്നും അതിനൊപ്പം ഇദ്ദേഹം കുറിച്ചിട്ടുണ്ടായിരുന്നു.
അതെ സമയം , യുവാവ് പ്രതീക്ഷിച്ച പോലെ അനുകൂല പ്രതികരണമല്ല പോസ്റ്റ് കണ്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 8 മണിക്കൂർ ശമ്പളം കിട്ടുന്നതിന് ഇങ്ങനെ പാതിരാത്രി വരെ ജോലി ചെയ്യേണ്ട കാര്യമില്ല. അനുവദിച്ചിട്ടുള്ള സമയം മാത്രം ജോലി ചെയ്താല് മതി. ആളുകൾ ഇപ്പോൾ സ്മാർട്ടായിട്ടാണ് വർക്ക് ചെയ്യുന്നത് എന്ന് അഭിപ്രായപ്പെട്ടവരുണ്ടായിരുന്നു.
There was a time when I’d have to reach office at 7am and leave at 2am for me to be the first to reach and last to leave.
This is a co-working space in Bangalore at 6:30pm. Shame. pic.twitter.com/v77AYhmz1W
— Sagar Lele (@sagar_lele) June 18, 2024
എന്നാൽ , റോഡിലെ ട്രാഫിക് ഒഴിവാക്കാൻ നേരത്തെ പോവുകയും വർക്ക് ഫ്രം ഹോം ചെയ്യുകയും ചെയ്യുന്നവരുണ്ടാകാമെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു . അതെ സമയം, മുഴുവൻ സമയവും ഓഫീസിൽ ഇരിക്കാനാവുമോ? ആളുകൾക്ക് കുടുംബവും അവരുടേതായ കാര്യങ്ങളും കാണില്ലേ എന്ന് ചോദിച്ചവരും ഉണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുമ്പോഴും യുവാവിനെ അനുകൂലിച്ചെത്തിയവരുമുണ്ട്. നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങൾ അറിയിക്കുമല്ലോ .
