പുതുക്കോട്ട: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിന്റെ ഭാഗമായി അരലക്ഷത്തോളം രൂപ സമാഹരിച്ച് തമിഴ് നാട്ടിലെ മനുഷ്യസ്നേഹി. പുതുക്കോട്ടയിലെ മേട്ടുപ്പട്ടി ഗ്രാമത്തിലെ ഭഗവാൻ ടീ സ്റ്റാൾ ഉടമ ശിവകുമാർ 44,700 രൂപ സമാഹരിച്ചാണ് വയനാടിന് പിന്തുണ പ്രഖ്യാപിച്ചത് .
കഴിഞ്ഞ ദിവസം 12 മണിക്കൂറിനുള്ളിലാണ് ശിവകുമാർ 44,700 രൂപ സമാഹരിച്ചത് . ‘മൊയ് വിരുന്ത്’ എന്ന് തമിഴിൽ അറിയപ്പെടുന്ന ചായസത്കാരം നടത്തിയാണ് ശിവകുമാർ വയനാടിന് വേണ്ടി തുക സമാഹരിച്ചത്. കടയിൽ നിന്ന് ചായ കുടിച്ച ആരോടും പണം വാങ്ങിയില്ല. പകരം, വയനാടിനായി സ്ഥാപിച്ച പെട്ടിയിലേക്ക് ഇഷ്ടമുള്ള തുക ഇടാം. ഇങ്ങനെ ഒരു ദിവസത്തെ ചായ മുഴുവൻ പണം ഈടാക്കാതെ നൽകി സഹായം സ്വരൂപിക്കുകയായിരുന്നു. വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനാണ് തുക വിനിയോഗിക്കുക.
ഒരു നല്ല കാര്യത്തിന് മുന്നിൽ നിൽക്കാൻ ആളുണ്ടെങ്കിൽ സഹായിക്കാൻ ജനങ്ങൾ തയാറാണ് എന്നാണ് തന്റെ അനുഭവമെന്ന് ശിവകുമാർ പറയുന്നു. മുമ്പ് പലതവണ ഇത്തരത്തിൽ തുക സമാഹരണം നടത്തിയിട്ടുണ്ട്. എന്നാൽ, വയനാടിന് വേണ്ടി കഴിഞ്ഞ ദിവസം ലഭിച്ചതാണ് ഒരു ദിവസത്തെ ഏറ്റവും വലിയ തുക. ജില്ല കലക്ടറെ പോയി കണ്ട് തുക കൈമാറും. ഇനിയും സംഭാവന നൽകാൻ തയാറായി ആളുകൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞു.
അതെ സമയം ,43 കാരനായ ഇയാൾ 2018 മുതൽ സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഒരു സാധാരണക്കാരൻ്റെ പ്രയത്നം സമൂഹത്തിൽ എങ്ങനെ മാറ്റം വരുത്തും എന്നതിൻ്റെ ജീവിക്കുന്ന ഉദാഹരണമാണ് അദ്ദേഹം. കോവിഡ് -19 ലോക്ക്ഡൗൺ സമയത്തും അദ്ദേഹം നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ട് .
English Summary : 44,000 rupees collected by the Tamil tea stall owner in support of Wayanad
