കൽപറ്റ: ഉരുൾ പൊട്ടലിനെ തുടർന്ന് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.ദുരന്തത്തിനിരയായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. 20 ദിവസത്തിനുള്ളിൽ സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി പറഞ്ഞു .
നിലവിൽ സ്കൂളുകൾ തുറക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും ഇതിന് ബദൽ സംവിധാനം താത്കാലികമായി ഒരുക്കും. നിലവിൽ പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചിട്ടുണ്ടെന്നും ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഉറപ്പാക്കാന്‍ ചേര്‍ന്ന യോഗങ്ങള്‍ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ക്യാമ്പുകൾ ഒഴിയുന്ന സാഹചര്യത്തിൽ മേപ്പാടി സ്കൂളില്‍ പഠനം പുനഃരാരംഭിക്കും. വെള്ളാര്‍മല, മുണ്ടക്കൈ ഈ രണ്ടു സ്കൂളുകളിലെയും കുട്ടികളെ ഇവിടെ ചേര്‍ക്കാനാണ് തീരുമാനം. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പായി അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. അതെ സമയം, സർട്ടിഫിക്കറ്റുകൾ നഷ്ടമായ കുട്ടികൾക്ക് അവ ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും ഉദ്യോഗസ്ഥര്‍ വയനാട്ടിലെത്തി ക്യാമ്പ് നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നാണ് അറിയിപ്പ് .
അതെ സമയം , തകർന്നടിഞ്ഞ വെള്ളാര്‍മല സ്കൂള്‍ അതേപേരില്‍ പുനര്‍നിര്‍മിക്കുമെന്നും സ്ഥലം തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരിതബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അതിനോടു ചേര്‍ന്ന് പൊതുവായ ഫണ്ട് ഉപയോഗിച്ചോ, അല്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പോ സ്കൂള്‍ പുനര്‍ നിര്‍മ്മിക്കും. എന്നാൽ ദുരന്തത്തിനിരയായ മുണ്ടക്കൈ സ്കൂള്‍ പുനര്‍നിര്‍മിക്കാമെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ അദ്ദേഹവുമായും സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു .
English Summary : Wayanad landslide ; Children’s education will resume; V. Sivankutty said that the lost certificates will be made available.
